Sunday, December 30, 2007

2007

2007-ലെ ജീവിതപ്പുസ്തകം,
പുനര്‍വായനയ്ക്കായി തുറന്നുവെച്ചു
പാതിയും പാരായണക്ഷമമായില്ല
സങ്കടത്താളുകളാണധികം
കണ്ണുനീര്‍ വീണു കുതിര്‍ന്നിരുന്നു
ക്ലേശങ്ങള്‍ മൂടി ചുരുണ്ടിരുന്നു

മറുപാതിയോ,
നിറമുള്ള,മായാത്ത,അനുഭൂതികളും
പുസ്തകം അടച്ചു,വീണ്ടും
കാത്തിരിക്കുന്നു ഞാന്‍
രണ്ടായിരത്തിയെട്ടിനെ വരവേല്‍ക്കുവാനായ്

Labels:

Monday, December 24, 2007

ഇന്ന് തിരുവാതിര

കാര്‍ഷികവൃത്തിപ്രധാനമായിരുന്ന കേരളത്തിന്റെ ഉത്സവങ്ങളില്‍ പ്രധാനമായിരുന്നു ധനുമാസത്തിലെ തിരുവാതിര. നാരിമാര്‍ നെടുമംഗല്യത്തിനുവേണ്ടി നടത്തുന്ന നേര്‍ച്ച. അവര്‍ അഷ്ടമംഗല്യവുമായി പോയി എട്ടുപത്തു തുടി തുടിച്ചു കുളികഴിഞ്ഞു പാട്ടുപാടി മെഴുകിയ മുറ്റത്ത് എട്ടങ്ങാടിയും വിളക്കും വെച്ച് അണിഞ്ഞൊരുങ്ങി തിരുവാതിര കളിക്കുന്നു.അടുത്തകാലത്താണ് തിരുവാതിര മുറ്റത്തുനിന്നും അരങ്ങത്തെത്തിയത്. കൈലാസനാഥനായ ശ്രീപരമേശ്വരന്റെ തിരുപ്പിറന്നാളായിട്ടാണ് ഇത് ആഘോഷിക്കുന്നത്. അന്ന് ശക്തി ശിവനോടു ചേരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല സൃഷ്ടിക്കു പ്രാരംഭമായി ഒന്‍പതു ശക്തികളെയും ശിവന്‍ തന്നിലേക്കു ലയിപ്പിച്ചത് അന്നാണെന്ന് ശൈവമതം പറയുന്നു. ബാലഗോപാലനെ ഭര്‍ത്താവായിക്കിട്ടാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനീപൂജ നടത്തിയതും കാമദേവനു പുനര്‍ജ്ജന്മം നല്‍കിയതും ശിവനും പാര്‍വതിയും തമ്മിലുള്ള തിരുക്കല്യാണം നടന്നതും കാളകൂടവിഷം കഴിച്ച പരമശിവനുണ്ടായേക്കാവുന്ന ദോഷം ഒഴിവാക്കാന്‍ പാര്‍വതി ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിച്ച് പ്രാര്‍ഥിച്ചതും ധനുമാസത്തിലെ തിരുവാതിരനാളിലായിരുന്നെന്ന് പുരാണം പറയുന്നു.
വിവാഹജീവിതം സുഖപ്രദമാക്കുന്നതിന് ശിവനെ പൂജിക്കുകയാണ് ഇതിന്റെ ലക്ഷ്യം.അന്ന് പുലര്‍ച്ചെ എഴുന്നേല്‍ക്കുകയും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വിശേഷമായിട്ടാണ് കരുതുന്നത്. ഊഞ്ഞാലാടുക, തിരുവാതിരകളിക്കുക, വെറ്റില മുറുക്കുക, തുടിച്ചുകുളിക്കുക എന്നിങ്ങനെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. ഋതുവായ കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കാനായി ഋതുവായിക്കഴിഞ്ഞാലുള്ള ആദ്യതിരുവാതിര പൂത്തിരുവാതിരയെന്നും വിവാഹിതരായര്‍വര്‍ക്ക് ആദ്യ തിരുവാതിര പുത്തന്‍ തിരുവാതിരയായി ഭര്‍ത്താവിന് ആയുരാരോഗ്യത്തിനു വേണ്ടിയും ആഘോഷിക്കുന്നു.
ധനു മാസത്തില്‍ മകയിരം നാള്‍ അവസാനം മുതല്‍ തിരുവാതിര നാള്‍ അവസാനം വരെയാണ് വ്രതം അനുഷ്ഠിക്കേണ്ട സമയം. നോമ്പിന് അന്നാഹാരം പാടില്ല. ചാമ അരി, ഗോതമ്പ്, തുടങ്ങിയവയുടെ ഭക്ഷണം ആവാം. ചേമ്പ്, മാറാന്‍ചേമ്പ്, ചേന, ചെറുകിഴങ്ങ്, കപ്പക്കിഴങ്ങ്, നന കിഴങ്ങ്, കാച്ചില്‍എന്നീ എട്ട് കിഴങ്ങുകള്‍ കുളിച്ച് ആചാരത്തോടെ വന്ന് ചുട്ടെടുത്ത എട്ടങ്ങാടി ചുടലും പിന്നീട് അത് നേദിച്ച എട്ടങ്ങാടി നേദ്യവും ഏറെ പ്രാധാന്യമായി ആചരിക്കപ്പെടുന്നു. തറവാടിലെ മുതിര്‍ന്ന സുമംഗലികളും പുത്തന്‍ തിരുവാതിരപ്പെണ്ണുമാണ് നേദ്യത്തിനു മുന്‍ കൈയെടുക്കുന്നത്. കരിക്ക്,വെറ്റില തുടങ്ങിയവയുടെ നേദ്യവും പ്രധാനമാണ്. ഭര്‍ത്താവുമൊത്തിരുന്നു നൂറ്റൊന്നു വെറ്റിലമുറുക്കല്‍, കിഴക്കോട്ടുതിരിഞ്ഞു നമസ്കരിച്ച ശേഷം തിരുവാതിര കളി, അര്‍ദ്ധ രാത്രിയൊടു കൂടി പാ‍തിരാപ്പൂ ചൂടല്‍ - (നീലക്കൊടുവേലിപ്പൂവ്), അതിനുശേഷം മംഗലയാതിരവരെള്ള പാട്ടുകള്‍ പാടിക്കളിക്കലാണ്. മംഗലയാതിരക്കു ശേഷം താലോലപ്പാട്ടും തുടര്‍ന്ന് അവസാന ഇനമായ പുലവൃത്തം പാട്ടാ‍ണ്. അതോടു കൂടി കിഴക്ക് വെള്ള കീറും. പിന്നീട് കുളി, പൊലിക്കല്‍, തിരുവാതിരച്ചമയം, ഉച്ചക്ക് എട്ടങ്ങാടിപ്പുഴുക്കു കൂട്ടി ഊണ്, ഊഞ്ഞാലാട്ടം എന്നിങ്ങനെ വളരെ വിപുലാമായ രീതിലുള്ളതാണ് തിരുവാതിരയുടെ ആഘോഷങ്ങള്‍.
തിരുവാതിര നോയമ്പ് ഭര്‍ത്തവിന്റേയും സന്താനങ്ങളുടേയും ആയുസ്സും ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്ന് ഹിന്ദുക്കളായ മലയാളികളുടെ വിശ്വാസമാണ് ഇതിനെ ഇത്ര വിപുലമായ ഒരാഘോഷമാക്കി നിലനിര്‍ത്തുന്നത്.
: എസ് സന്ധ്യാദേവി എഴുതിയ ‘ധനുമാസ ചന്ദ്രിക’ യോട് കടപ്പാട്

Saturday, December 22, 2007

മാതൃക

കണ്ടു,ഞാനൊരുത്തമ നാരിയെ
മനസ്സാനമിച്ചു ഞാനാശാന്തസൌമ്യദീപ്ത-
മായൊരാകാര സുഷമയെ
കാരുണ്യവതിയായൊരു കാന്തയെ
സ്നേഹമയിയായൊരമ്മയെ
വാത്സല്യനിധിയായ മുത്തശ്സിയെ

അറിഞ്ഞു ഞാനാബഹുമുഖവ്യക്തിത്വത്തെ
വിദുഷിയായൊരധ്യാപികയെ
പ്രതിഭാശാലിയായൊരു ഗ്രന്ഥകര്‍ത്രിയെ
പ്രൌഢയായൊരു ഭരണനിപുണയെ
കേട്ടു,ഞാനാ വാക് ചാതുരി
സാക്ഷരകേരളത്തിന്‍ മൂല്യച്യുതികള്‍
അഴിമതികള്‍
പടിഞ്ഞാറിന്റനുകരണഭ്രമം കുടുംബബന്ധങ്ങള്‍
കുളംതോണ്ടുമെന്ന ഭീതി
പൈതൃകം കാക്കണേ
വേരറ്റു പോകരുതേ...

ഇനിയും വേരറ്റിടാത്തൊരു നിറകുടം

Saturday, December 15, 2007

ദാമ്പത്യപുസ്തകത്തിലെ ഒരധ്യായം

അല്ലറ ചില്ലറ തട്ടലും മുട്ടലും ഒഴിച്ചാല്‍ സന്തുഷ്ട കുടുംബം
ഭര്‍ത്താവിന്റെ സ്ക്രാപ്പില്‍ ഏതോയൊരുവള്‍സ്ക്രിബിളു
ചെയ്തിരിക്കുന്നതു കണ്ടതുമുതലാണെനിക്ക് തലവേദന തുടങ്ങിയത്
പൈങ്കിളിക്കഥകളിലെ ഡയലോഗുകളാണതില്‍ കോറിയിരിക്കുന്നത്
ചില പോസ് ചിത്രങ്ങളും കൂടി കണ്ടപ്പോള്‍ എനിക്ക് കലി കയറിത്തുടങ്ങി
ഓഫീസ് വിട്ടു വരുമ്പോള്‍ എന്നോടുള്ള പെരുമാറ്റങ്ങള്‍
പ്രകടനമായെനിക്കു തോന്നാന്‍ തുടങ്ങി
ഊണിലുമുറക്കത്തിലും അനാവശ്യചിന്തകളെന്നെയാവേശിക്കന്‍ തുടങ്ങി
ഉദ്യോഗം,വീട്ടുകാര്യം,കുട്ടികള്‍ എല്ലാം വിരസമായിത്തുടങ്ങി
ഞാനെന്നെത്തന്നെ നല്ലവണ്ണം പരിശോധിച്ചു ........
എന്തെങ്കിലുംതെറ്റുകള്‍,അവഗണനകള്‍?
ഒന്നുമില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു
കിടപ്പറയിലെ വര്‍ത്തമാനങ്ങളില്‍ ആനുകാലികങ്ങളിലെ
കുടുംബബാഹ്യബന്ധങ്ങളിലെ കൊട്ടിഘോഷങ്ങള്‍ മനപ്പൂര്‍വം ഞാനെടുത്തിട്ടു
അവ്യക്തമായ മറുപടികള്‍ തിരിച്ചുകിട്ടി
സെല്‍ഫോണിലെ കോളുകളില്‍ പുതിയൊരു നമ്പര്‍?
സ്വതവേ ദുര്‍ബലയായ ഞാനതോടെ സംശയരോഗിയായി മാറിക്കഴിഞ്ഞിരുന്നു
കുറ്റാന്വേഷകയെപ്പോലെ പരിശോധനകള്‍ മാത്രമായി എന്റെ ദിനചര്യ

അമര്‍ത്തിയ തേങ്ങലുകള്‍,പുകച്ചില്‍,പൊട്ടല്‍,ചീറ്റല്‍
ഒരു ദിവസം അവളപ്രത്യക്ഷയാവുകയും പകരം
മറ്റാരോ സ്ഥാനം പിടിക്കയും ചെയ്തു

Friday, December 14, 2007

നിദ്ര

നിദ്രയെന്നാല്‍ താത്കാലികമൃത്യുവെന്നല്ലോ ചൊല്ല്
തനുവും മനവും അരോഗം എന്നാല്‍ സുഖദമല്ലോ നിദ്രയും
ശ്വാനനിദ്ര ശിക്ഷമാണന്നുത്തമമെന്നു പ്രമാണം
കിടാങ്ങളെപ്പോല്‍ സ്വച്ഛനിദ്രയെ പൂകിടുന്നോര്‍ സുകൃതികള്‍

Tuesday, December 11, 2007

ദാമ്പത്യം

രണ്ടു വ്യക്തികള്‍(പുരുഷനും സ്ത്രീയും) തമ്മില്‍
ചേരുന്ന സമ്പ്രദായത്തെ ദാമ്പത്യമെന്നു ചൊല്ലുന്നു
മോരും മുതിരയും പോലെയാണു ചേര്‍ച്ചയെന്നാല്‍
പരാജയവും
പാലും വെള്ളവും പോലെയാകില്‍ വിജയവും

Monday, December 10, 2007

കടപ്പാട്

സൃഷ്ടിയില്‍ വരിഷ്ഠമാം മര്‍ത്ത്യജന്മം കനിഞ്ഞരുളിയ സൃഷ്ടികര്‍ത്താവോട്
സ്വത്വം ചാലിച്ച് ഉയിരുണര്‍ത്തിയ ജനകജനനിമാരോട്
ആദ്യക്ഷരം നാവിന്‍ തുമ്പില്‍ കുറിച്ചുള്‍ക്കണ്ണു തുറപ്പിച്ച ഗുരുവോട്
സ്നേഹശാസനയാല്‍ ആത്മാഭിമാനത്തെ ഊട്ടിയുറപ്പിച്ച സോദരരോട്
രാഗദ്വേഷമദമാത്സര്യഭാവങ്ങളകമ്പടിയാക്കിയ ആത്മമിത്രങ്ങളോട്
നിറമിയലും പ്രണയാനുഭൂതികള്‍ പകര്‍ന്നേകിയ കമിതാവോട്
ശാന്തസൌമ്യസാന്ത്വനസ്പര്‍ശങ്ങളറിഞ്ഞു നല്‍കിയ കാന്തനോട്
മാതൃഭാവത്തിന്‍ സ്വര്‍ഗ്ഗീയാനുഭവങ്ങള്‍ സാക്ഷാത്കരിച്ച പുത്രരോട്
വ്യത്യസ്താനുഭവത്തിന്‍ വിസ്മയത്താല്‍ ജീവിതത്തെ പൊലിപ്പിച്ചു
കൊണ്ടിരിക്കുന്ന സഹജീവികളോട്

ബാല്യം

പഴമാങ്ങാമണമൂറുമെന്‍
പവിഴക്കനി ബാല്യം
കൊത്തിപ്പറന്നു പോയ്
കാലമാം കാകന്‍

Sunday, December 9, 2007

ജീവിതം

ശരിയായ ജീവിതമെന്തെന്നുള്ള ചോദ്യത്തിന്റെ
ഉത്തരം മാറി മാറിക്കൊണ്ടിരിക്കുന്നു
ഇന്നലത്തെ ശരി ഇന്ന് തെറ്റാണെന്നു തോന്നിപ്പിക്കുന്നു
അതിനാല്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടുള്ള യാത്രയാണെനിക്കു
ജീവിതം

തനിമ

തനിമയുള്ളൊരുവളെ കണ്ടപ്പോളെളിമ തോന്നി
തനിമയുള്ളൊരെളിമ അറിഞ്ഞപ്പോള്‍ മതിപ്പുളവായി
തനിമയാര്‍ന്ന കാവ്യമാസ്വദിച്ചപ്പോളലിഞ്ഞു പോയി
തനിമയുള്ളൊരു സൃഷ്ടി കണ്ടപ്പോഴഴകു തോന്നി
തനിമയുള്ളൊരു പ്രണയംതൊട്ടപ്പോള്‍ കുളിരു കോരി

Friday, December 7, 2007

തിരിച്ചറിവുകള്‍ (ശരിയോ?)

പഠിക്കാനേറെയെളുപ്പം
പഠിപ്പിക്കയും പ്രവര്‍ത്തിക്കയുമാണ്

അന്ത്യയാത്രയൊഴികെ മറ്റെല്ലായാത്രകളും
തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളാണ്

ePathram.com