ഇന്ന് തിരുവാതിര
കാര്‍ഷികവൃത്തിപ്രധാനമായിരുന്ന കേരളത്തിന്റെ ഉത്സവങ്ങളില്‍ പ്രധാനമായിരുന്നു ധനുമാസത്തിലെ തിരുവാതിര. നാരിമാര്‍ നെടുമംഗല്യത്തിനുവേണ്ടി നടത്തുന്ന നേര്‍ച്ച. അവര്‍ അഷ്ടമംഗല്യവുമായി പോയി എട്ടുപത്തു തുടി തുടിച്ചു കുളികഴിഞ്ഞു പാട്ടുപാടി മെഴുകിയ മുറ്റത്ത് എട്ടങ്ങാടിയും വിളക്കും വെച്ച് അണിഞ്ഞൊരുങ്ങി തിരുവാതിര കളിക്കുന്നു.അടുത്തകാലത്താണ് തിരുവാതിര മുറ്റത്തുനിന്നും അരങ്ങത്തെത്തിയത്. കൈലാസനാഥനായ ശ്രീപരമേശ്വരന്റെ തിരുപ്പിറന്നാളായിട്ടാണ് ഇത് ആഘോഷിക്കുന്നത്. അന്ന് ശക്തി ശിവനോടു ചേരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല സൃഷ്ടിക്കു പ്രാരംഭമായി ഒന്‍പതു ശക്തികളെയും ശിവന്‍ തന്നിലേക്കു ലയിപ്പിച്ചത് അന്നാണെന്ന് ശൈവമതം പറയുന്നു. ബാലഗോപാലനെ ഭര്‍ത്താവായിക്കിട്ടാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനീപൂജ നടത്തിയതും കാമദേവനു പുനര്‍ജ്ജന്മം നല്‍കിയതും ശിവനും പാര്‍വതിയും തമ്മിലുള്ള തിരുക്കല്യാണം നടന്നതും കാളകൂടവിഷം കഴിച്ച പരമശിവനുണ്ടായേക്കാവുന്ന ദോഷം ഒഴിവാക്കാന്‍ പാര്‍വതി ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിച്ച് പ്രാര്‍ഥിച്ചതും ധനുമാസത്തിലെ തിരുവാതിരനാളിലായിരുന്നെന്ന് പുരാണം പറയുന്നു.
വിവാഹജീവിതം സുഖപ്രദമാക്കുന്നതിന് ശിവനെ പൂജിക്കുകയാണ് ഇതിന്റെ ലക്ഷ്യം.അന്ന് പുലര്‍ച്ചെ എഴുന്നേല്‍ക്കുകയും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വിശേഷമായിട്ടാണ് കരുതുന്നത്. ഊഞ്ഞാലാടുക, തിരുവാതിരകളിക്കുക, വെറ്റില മുറുക്കുക, തുടിച്ചുകുളിക്കുക എന്നിങ്ങനെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. ഋതുവായ കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കാനായി ഋതുവായിക്കഴിഞ്ഞാലുള്ള ആദ്യതിരുവാതിര പൂത്തിരുവാതിരയെന്നും വിവാഹിതരായര്‍വര്‍ക്ക് ആദ്യ തിരുവാതിര പുത്തന്‍ തിരുവാതിരയായി ഭര്‍ത്താവിന് ആയുരാരോഗ്യത്തിനു വേണ്ടിയും ആഘോഷിക്കുന്നു.
ധനു മാസത്തില്‍ മകയിരം നാള്‍ അവസാനം മുതല്‍ തിരുവാതിര നാള്‍ അവസാനം വരെയാണ് വ്രതം അനുഷ്ഠിക്കേണ്ട സമയം. നോമ്പിന് അന്നാഹാരം പാടില്ല. ചാമ അരി, ഗോതമ്പ്, തുടങ്ങിയവയുടെ ഭക്ഷണം ആവാം. ചേമ്പ്, മാറാന്‍ചേമ്പ്, ചേന, ചെറുകിഴങ്ങ്, കപ്പക്കിഴങ്ങ്, നന കിഴങ്ങ്, കാച്ചില്‍എന്നീ എട്ട് കിഴങ്ങുകള്‍ കുളിച്ച് ആചാരത്തോടെ വന്ന് ചുട്ടെടുത്ത എട്ടങ്ങാടി ചുടലും പിന്നീട് അത് നേദിച്ച എട്ടങ്ങാടി നേദ്യവും ഏറെ പ്രാധാന്യമായി ആചരിക്കപ്പെടുന്നു. തറവാടിലെ മുതിര്‍ന്ന സുമംഗലികളും പുത്തന്‍ തിരുവാതിരപ്പെണ്ണുമാണ് നേദ്യത്തിനു മുന്‍ കൈയെടുക്കുന്നത്. കരിക്ക്,വെറ്റില തുടങ്ങിയവയുടെ നേദ്യവും പ്രധാനമാണ്. ഭര്‍ത്താവുമൊത്തിരുന്നു നൂറ്റൊന്നു വെറ്റിലമുറുക്കല്‍, കിഴക്കോട്ടുതിരിഞ്ഞു നമസ്കരിച്ച ശേഷം തിരുവാതിര കളി, അര്‍ദ്ധ രാത്രിയൊടു കൂടി പാതിരാപ്പൂ ചൂടല്‍ - (നീലക്കൊടുവേലിപ്പൂവ്), അതിനുശേഷം മംഗലയാതിരവരെള്ള പാട്ടുകള്‍ പാടിക്കളിക്കലാണ്. മംഗലയാതിരക്കു ശേഷം താലോലപ്പാട്ടും തുടര്‍ന്ന് അവസാന ഇനമായ പുലവൃത്തം പാട്ടാണ്. അതോടു കൂടി കിഴക്ക് വെള്ള കീറും. പിന്നീട് കുളി, പൊലിക്കല്‍, തിരുവാതിരച്ചമയം, ഉച്ചക്ക് എട്ടങ്ങാടിപ്പുഴുക്കു കൂട്ടി ഊണ്, ഊഞ്ഞാലാട്ടം എന്നിങ്ങനെ വളരെ വിപുലാമായ രീതിലുള്ളതാണ് തിരുവാതിരയുടെ ആഘോഷങ്ങള്‍.
തിരുവാതിര നോയമ്പ് ഭര്‍ത്തവിന്റേയും സന്താനങ്ങളുടേയും ആയുസ്സും ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്ന് ഹിന്ദുക്കളായ മലയാളികളുടെ വിശ്വാസമാണ് ഇതിനെ ഇത്ര വിപുലമായ ഒരാഘോഷമാക്കി നിലനിര്‍ത്തുന്നത്.
: എസ് സന്ധ്യാദേവി എഴുതിയ ‘ധനുമാസ ചന്ദ്രിക’ യോട് കടപ്പാട്
8 Comments:
ഒരു കൂവ പായസം വെയ്ക്കല്‍ ഓര്‍മ്മയുണ്ട്.കൂവ വയറിനു വളരെ നല്ലതാണെന്നും...
അത് , മുകളില്‍ പറഞ്ഞതില്‍ ഉണ്ടോ വേറെ പേരില്‍?
കുറിപ്പ് നന്നായി ട്ടൊ.
thiruvathira aasamsakal
നഷ്ട സ്വര്‍ഗ്ഗങ്ങളേ....
നഷ്ട സ്വര്‍ഗ്ഗങ്ങളേ.... നിങ്ങളെനിക്കൊരു...
പി.ആര്‍,താങ്കള്‍ പറഞ്ഞത് ശരിയാണ് ശര്‍ക്കരയും നെയ്യും തേങ്ങയും പഴം നുറുക്കുംചേര്‍ത്ത് കൂവ കുറുക്കികുടിക്കുന്നത് വ്രതാനുഷ്ഠാനത്തിന്റെ ഒരുചടങ്ങാണ്.എല്ലാം കൂടിചുരുക്കി എഴുതിയതാണ്.
തിരുവാതിര നന്നായി.
ഞാനും എഴുതിയിരുന്നു തിരുവതിരയെപ്പറ്റി, എന്റെ ബ്ലോഗില്‍.
ആശംസകള്‍
Arivukal....
thanks.
sitalanka എന്ന ബ്ലോഗ് വിലാസം കണ്ടപ്പോള്‍ ഒമാനിലുള്ള ഒരു സ്ത്രീസുഹൃത്തിനെയാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. പാതിരാപ്പൂവ് നീലക്കൊടുവേലിയാണോ? എസ്.കെയുടെ ദേശത്തിന്റെ കഥയില്‍ നിന്നാണെന്ന് തോന്നുന്നു, അഭൌമികശക്തിയുള്ള ഏതോ അത്ഭുതസസ്യാണ് നീലക്കൊടുവേലിയെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്, ചെമ്പോത്തുമായുള്ള മിത്തും ദേശത്തിന്റെ കഥയില്‍ എസ്.കെ പറയുന്നുണ്ട്. ഈ പാതിരാപ്പൂവിന്റെ ചിത്രമുണ്ടോ?
സുഹൃത്തേ “പുതുവത്സരാശംസകള്‍”
പാതിരാപ്പൂവ് എന്നാല്‍ നീലക്കൊടുവേലിപ്പൂവ് എന്നാണര്‍ഥം.പാതിരാത്രിക്കുവിരിയുന്നതിനാലാണ് ഇതിനെപാതിരാപ്പൂവ് എന്നുപറയുന്നത്.പാര്‍വ്വതി ശിവനെ ലഭിക്കാനായി ഇതുകൊണ്ട് ആരാധന നടത്തിയതായി പുരാണത്തില്‍ പറയുന്നുണ്ട്.ശാസ്ത്രീയമായും ഇതിന് ഏറെ പ്രാധാന്യമുള്ളതായി പറയുന്നുണ്ട്.കേരളത്തില്‍ ഇപ്പോളിത് കാണണമെങ്കീല്‍ തിരുവനന്തപുരത്ത് പാലോടുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ചെല്ലണം.നാലു തരത്തിലുള്ള കൊടുവേലികള്‍ ഉണ്ട്.നീലപ്പൂവുള്ളത് നീലക്കൊടുവേലി.മൈസൂറില്‍ വളരുന്നുണ്ട്.എസ്.കെയുടെ ദേശത്തിന്റെ കഥയില്‍ നാരായണിയുടെ അസുഖം മാറാനായി നീലക്കൊടുവേലിവേര് കൊണ്ടുവരാന്‍ കാട്ടില്‍ പോകുന്നതായി വായിച്ചിട്ടുണ്ട്.ഔഷധഗുണമുള്ളതിനാലാകാം.ശബ്ദതാരാവലിയിലും മറ്റും സങ്കല്പവസ്തു എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.
Post a Comment
Subscribe to Post Comments [Atom]
<< Home