Wednesday, March 12, 2008

വായന--ബംഗാളികവികളില്‍ പ്രമുഖനായിരുന്ന സുഭാഷ് മുഖോപാദ്ധ്യായുടെ കവിത.ജ്ഞാനപീഠം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

തൊട്ടുപിറകേ

രാവും പകലും അവന്‍ തൊട്ടുപിറകേ.
ഞാന്‍ അവനോടു പറയായ്കയല്ല, വിഷാദമേ
നിനക്കു തരാന്‍ എനിക്കു സമയമില്ല,
യൌവ്വനത്തിന്റെ ഉമ്മറപ്പടിയില്‍ ഒരു മരത്തടിയില്‍
ചുറ്റിക്കിടക്കുന്ന നഗ്നമായ മരണത്തെ ഇതാ ഞാനിപ്പോള്‍തന്നെ
കണ്ടതേയുള്ളൂ, ലോകം മുഴുവന്‍ ഇര കാത്തിരിക്കുന്ന
ഭീകരത പല്ലിളിച്ചലറുന്നു
എനിയ്ക്കതിന്റെ തോലുരിയണം
എന്റെ വിഷാദമേ, മുന്നിലേക്കുനോക്കൂ
വയസ്സായി മുടിനരച്ച അഹമ്മദിന്റെ അമ്മ
ആശ്വാസത്തിനായി ഞങ്ങളെ ഉറ്റുനോക്കുകയാണ്
വിഷാദമേ, എന്നെ തനിയേ വിടൂ എനിയ്ക്കല്പം പണിയുണ്ട്
പാടത്തു നെല്ലു വിതയ്ക്കണം, കള പറിക്കണം
എന്നാലും അവന്‍ തൊട്ടു പിറകേ
കോപം കൊണ്ടു കുരുടനായ ഞാന്‍
എന്റെ ദു;ഖങ്ങളെല്ലാമെടുത്തു അവനെ എറിയുന്നു
അവനെ ഞാന്‍ ശപിക്കുന്നു ചെകുത്താനേ നരകത്തില്‍ പോകരുതോ?
എപ്പോഴാണ് ഞാന്‍ ജോലിയില്‍ മുഴുകിയതെന്ന് ഓര്‍മ്മയില്ല
ചുറ്റും നോക്കുമ്പോള്‍ എന്റെ വിഷാദം എന്നെ മറന്ന്
എന്റെ അസംതൃപ്തമായ അഭിലാഷങ്ങളുടെ കൂടെ കളിക്കുകയാണ്
ഞാന്‍ പുഞ്ചിരിച്ചു,ഒരു കുസൃതിക്കുട്ടിയെ എന്നപോലെ
എന്റെ വിഷാദത്തെ ഞാന്‍ കൈകളില്‍ കോരിയെടുത്തു


വിവര്‍ത്തനം----സച്ചിദാനന്ദന്‍

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com